Spega news

2019-01-11 12:18:29

വിഷുവിന് കണിയൊരുക്കാനാണ് നമ്മൾ  കണിക്കൊന്നയെ ഓർക്കുക...പക്ഷെ അധികമാർക്കും അറിയാത്ത ചില ഉപയോഗങ്ങൾ ഉണ്ട് കണിക്കൊന്നയ്ക്ക്

സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെ മനോഹാരിത കണി കണ്ട് കൊണ്ടാണ് കേരളീയര്‍ കാര്‍ഷിക വര്‍ഷ പിറവി ദിനമായ വിഷു ആഘോഷിക്കുന്നത്. മീനച്ചൂടില്‍ ഉരുകിയ മണ്ണിലെ സ്വര്‍ണ്ണത്തെ സ്വാംശീകരിച്ച് കണികൊന്ന പൂക്കളായി അവതരിപ്പിക്കുന്നതിലാണ് കൊന്നപ്പൂവിന് ആ വര്‍ണ്ണം ഉണ്ടായതെന്ന് കാവ്യമതം. സ്വര്‍ണ്ണ വര്‍ണ്ണ പൂക്കളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ഔഷധമരം മനസ്സിന് സന്തോഷവും ആനന്ദവും നല്‍കുന്നതിനോടൊപ്പം വസന്തഋജുവിന്‍റെ ലഹരി കൂടിയാണ്. വൃക്ഷായുര്വേധ പ്രകാരം വീടിന്റെ പാര്‍ശ്വങ്ങളില്‍ ആണ് കണിക്കൊന്നയുടെ സ്ഥാനമെങ്കിലും ഇതിന്‍റെ മനോഹാരിത നിമിത്തം കേരളീയ ഗൃഹങ്ങളില്‍ വീട്ടു മുറ്റങ്ങളില്‍ ആണ് നടുന്നത്.

ഇന്ത്യയില്‍ ഉടനീളം കണിക്കൊന്നയെ തണല്‍ വൃക്ഷമായും അലങ്കാര വൃക്ഷമായും നട്ട് വളര്‍ത്തി വരുന്നു. ഏകദേശം 15 മീ. ഉയരത്തില്‍ വളരുന്ന ഈ ചെറുവൃക്ഷത്തിന് സൂര്യപ്രകാശം ലഭിക്കുന്നതും നീര്‍വാര്‍ച്ച ഉള്ളതുമായ സ്ഥലമാണ് അനുയോജ്യം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളാണ് പൂക്കാലം.പൂത്ത് ഏകദേശം രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നീണ്ട മുരിങ്ങയോട് സാദൃശ്യമുള്ള കായ്കള്‍ ഇലയില്ലാ ചില്ലകളില്‍ കാണാം. ഇവ കറുത്ത് പാകമാകുമ്പോള്‍ വിത്തുകള്‍ ശേഖരിക്കാം. വിത്തുകള്‍ മുളപ്പിച്ചും നടുവാനുള്ള തൈകള്‍ ഉണ്ടാക്കാം.

തൈകള്‍ നടുന്നതിന് ഒന്നരയടി സമച്ചതുരത്തിലും അത്രതന്നെ ആഴത്തിലും ഉള്ള കുഴികള്‍ ഉണ്ടാക്കി അതില്‍ ജൈവവളവും മേല്മണ്ണും ചേര്ത്ത് നിറച്ച് അതിന് മുകളിലായി തൈകള്‍ നടാം. നട്ട് ചെറിയ തോതില്‍ പരിചരണവും തണലും നല്‍കിയാല്‍ നാലോ അഞ്ചോ വര്‍ഷം ആകുമ്പോഴേക്കും മനോഹരമായ പൂങ്കുലകള്‍ ഉണ്ടായി തുടങ്ങും. ഒരു ചെറുവൃക്ഷമായതിനാല്‍ സ്ഥലപരിമിതി ഉള്ളവര്‍ മുറ്റത്തിന്റെ അതിര്‍ത്തിയിലായി നടുന്നതായിരിക്കും ഉത്തമം. എന്നാല്‍ ഇല പൊഴിയുന്ന വൃക്ഷമായതിനാല്‍ പുല്‍ത്തകിടികളില്‍ പോലും വളര്‍ത്താന്‍ അനുയോജ്യമാണ്. പൂക്കാലം ആകുമ്പോള്‍ പുല്‍ത്തകിടികള്‍ സ്വര്‍ണ്ണ വര്‍ണ്ണ പൂക്കളാല്‍ നിറഞ്ഞിരിക്കും.

ഔഷധ ഉപയോഗങ്ങള്‍

കണിക്കൊന്നയുടെ തൊലി കഷായം വച്ച് 30 മില്ലി വീതം രാവിലെയും വൈകുന്നേരവും മുടങ്ങാതെ കഴിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ മാറും.

മലബന്ധം, വയറുവേദന ഇവയ്ക്ക് കണിക്കൊന്നയുടെ ഫലമജ്ജ കുരു കളഞ്ഞു പാലില്‍ കാച്ചി പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ ശമനം ലഭിക്കും.

കണിക്കൊന്ന തൊലി, ചന്ദനം, ത്രിഫലതോട്, മുന്തിരിപഴം ഇവ സമം ചേര്‍ത്ത് കഷായം വെച്ച് സേവിച്ചാല്‍ നുരയും പതയുമായി ദുര്‍ഗന്ധത്തോടെ മൂത്രം പോകുന്ന അസുഖം ശമിക്കും.

കണിക്കൊന്ന തൊലി കഷായം വച്ച് കുടിക്കുന്നത് രക്തം ശുദ്ധീകരിക്കും.

കണിക്കൊന്ന തൊലിയും ഫലമജ്ജ കുരുകളഞ്ഞതും ചേര്‍ത്ത് അരച്ച് മുറിവില്‍ പുരട്ടുന്നത് മുറിവ് ഉണങ്ങാന്‍ സഹായകരമാണ്.

കണിക്കൊന്നയുടെ തളിരിലകള്‍ തൈരില്‍ അരച്ച് പുരട്ടുന്നത് ചുണങ്ങു മാറുന്നതിന് ഫലപ്രദമാണ്.

കണിക്കൊന്ന പൂവ് ഉണക്കി പൊടിച്ച് പാലില്‍ സേവിക്കുന്നത് ശരീരശക്തി വര്‍ദ്ധിപ്പിക്കും.

കണിക്കൊന്നയുടെ തളിരിലകള്‍ തോരനാക്കി കഴിക്കുന്നത് കുട്ടികളുടെ മലബന്ധം മാറ്റും.

കണിക്കൊന്നയുടെ ഇലകള്‍ കഷായം വച്ച് കഴിക്കുന്നത് പനി, ചുമ എന്നിവക്ക് ഫലപ്രദമായ ഔഷധമാണ്.

കണിക്കൊന്നയുടെ വേര് കഷായം വച്ച് കുടിക്കുന്നത് മൂത്രതടസം ഇല്ലാതാക്കും.

കണിക്കൊന്നവേരും ചെറുനാരങ്ങാ നീരും അല്‍പം കര്‍പ്പൂരം ചേര്‍ത്ത് ശരീരത്തില്‍ പുരട്ടുന്നത് ത്വക്ക് രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.

SPEGA NEWS
S