Spega news

2019-03-15 00:00:11

സൈബര്‍ കുറ്റങ്ങള്‍ക്കെതിരെ പോരാട്ടം

സൈബര്‍ ലോകത്തിന്റെ നിരന്തരമായ വികാസത്തോടെ നമുക്കു ചുറ്റുമുള്ള ധാരാളം ആളുകളും സംഘടനകളും ഇന്റര്‍നെറ്റു പോലുള്ള പൊതു ഇടങ്ങളോടു വ്യാപകമായി കെട്ടുപിണഞ്ഞു തുടങ്ങിയിരിക്കുന്നു. ഇതുകൂടാതെയാണ്‌ മൊബൈല്‍ ഫോണുകളുടെ ഉപയോഗം. വ്യവസായം, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസമേഖല, സംരംഭങ്ങള്‍, വ്യക്തിബന്ധങ്ങള്‍, തുടങ്ങി ഒരു വശത്ത്‌ സമൂഹത്തിനു മൊത്തം ഇത്‌ നല്ലതാണ്‌. പക്ഷെ ഇതിന്‌ ഒരു മറുവശമുണ്ട്‌. മറ്റുള്ളവരെ ചതിക്കാനുംകബളിപ്പിക്കാനും വഞ്ചിക്കാനും അനന്തവും അതിനൂതനവുമായ നിരവധി സാധ്യതകള്‍ കൂടി ഇതിലുണ്ട്‌. സാമ്പത്തിക വഞ്ചന മാത്രമല്ല, വ്യക്തികളുടെ സല്‍പേരും

  സ്വകാര്യതയും ഇത്‌ ഇല്ലാതാക്കുന്നു. വെബ്‌സൈറ്റുകളുടെ പ്രത്യേകിച്ച്‌ വിവാഹ വെബ്‌ സൈറ്റുകകളുടെ ശൃംഖല തകര്‍ക്കുന്നു. ഇതേ തുടര്‍ന്നാണ്‌ അടുത്തകാലത്ത്‌ ഗവണ്‍മെന്റ്‌ ഇത്തരം സൈബര്‍ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതിനുള്ള നിയമം പാസാക്കിയത്‌. സാധാരണ പൗരന്മാര്‍ക്ക്‌ നിര്‍ഭയമായും ആരുടെയും വഞ്ചനക്ക്‌ ഇരയാകാതെയും സൈബര്‍ പാതയില്‍ പ്രവേശിക്കാന്‍ ഇതു മൂലം സാധിച്ചിരിക്കുന്നു. നാഷണല്‍ ക്രൈം റെക്കോഡ്‌ ബ്യൂറോയുടെ രേഖകള്‍ പ്രകാരം 2012-ല്‍ ഹാക്കിംങ്ങുമായി ബന്ധപ്പെട്ട 2464 കേസുകളാണ്‌ രാജ്യത്ത്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. കമ്പ്യൂട്ടറുകള്‍ക്ക്‌ കേടുപാടുകള്‍ വരുത്തിയ 1440 കേസുകളുണ്ടായി. ഹാക്കിങ്ങ്‌

  നടത്തിയതുമായി ബന്ധപ്പെട്ട്‌ 435 കേസുകളും. 2012 ല്‍ മാത്രം ഇതുമായി ബന്ധപ്പെട്ട്‌ 749 അറസ്റ്റുകള്‍ നടന്നു. അശ്ലീല ചിത്രങ്ങള്‍ ഇലക്‌ട്രോണിക്‌ ഡേറ്റകളാക്കി സൈറ്റുകളിലൂടെ പ്രചരിപ്പിച്ചതിന്‌ സെക്ഷന്‍ 67 അനുസരിച്ച്‌ 589 കേസുകളില്‍ 497 അറസ്റ്റുകള്‍ നടന്നു. സൈറ്റുകളിലൂടെ തെറ്റിധരിപ്പിച്ച്‌ പണാപഹരണം പോലുള്ള വഞ്ചനാ കുറ്റങ്ങള്‍ക്ക്‌ 377 കേസുകകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. 2013 ല്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌, എടിഎം കാര്‍ഡ്‌, ഡെബിറ്റ്‌ കാര്‍ഡ്‌ എന്നിവയുമായി ബന്ധപ്പെട്ട 6034 വഞ്ചനാ കേസുകള്‍ റിസര്‍വ്‌ബാങ്ക്‌ അറിയിച്ചിട്ടുണ്ട്‌.

  സൈബര്‍ കേസുകള്‍ക്കെതിരെ നിരന്തര പോരാട്ടം

  നമ്മുടെ ഭരണഘടന പ്രകാരം പോലീസും പൊതു ക്രമസമാധാനവും സംസ്ഥാനത്തിന്റെ ഭരണപരിധിയില്‍ പെട്ട വിഷയങ്ങളാണ്‌. ഇതില്‍ സൈബര്‍ കുറ്റകൃത്യങ്ങളും ഉള്‍പ്പെടുന്നു. ഇത്തരം കുറ്റവാളികളെ വിചാരണ ചെയ്യേണ്ടതും ശിക്ഷിക്കേണ്ടതും സംസ്ഥാന ഗവണ്‍മെന്റിന്റെയും നീതിന്യായ വകുപ്പിന്റെയും ചുമതലയാണ്‌. സൈബര്‍ മേഖല അനന്ത വിശാലവും സീമാതീതവുമാണ്‌. ആര്‍ക്കു വേണമെങ്കിലും ഏതു പേരില്‍ വേണമെങ്കിലും ലോകത്തിന്റെ ഏതു ഭാഗത്തും വ്യാജപേരില്‍ പോലും ഒരു ഇ- മെയില്‍ അക്കൗണ്ട്‌ തുറക്കാം. ഇത്തരത്തില്‍ ഇ-മെയില്‍ അഡ്രസ്‌ ഉള്ള ഏതൊരാള്‍ക്കും സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌ സൈറ്റുകളില്‍ അനായാസേന കടന്നു ചെല്ലാം. ഒരു തരത്തിലുമുള്ള നിയന്ത്രണമോ, പരിശോധനകളോ അതിന്‌ ഇല്ല. ഇതാണ്‌ കുറ്റകൃത്യങ്ങള്‍ നടത്താന്‍ സഹായകമായി നില്‌ക്കുന്ന ഘടകം.പ്രധാന നെറ്റ്‌ വര്‍ക്കിങ്‌ സൈറ്റുകളും അവയുടെ സെര്‍വറുകളും വിദേശങ്ങളിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. നിയമ പാലകര്‍ 2013 നവംബര്‍ വരെ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ റെസ്‌പോണ്‍സ്‌ ടീമിന്‌ വിവിധ നെറ്റ്‌ വര്‍ക്കുകളില്‍ വ്യാജമായി പ്രവര്‍ത്തിക്കുന്ന 34537 അക്കൗണ്ടുകള്‍ റിപ്പോര്‍ട്ടു ചെയ്‌തിട്ടുള്ളതാണ്‌. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ റെസ്‌പോണ്‍സ്‌ ടീമാകട്ടെ, ഈ വെബ്‌സൈറ്റ്‌ അധികൃതര്‍ക്ക്‌ ഇത്രയും അക്കൗണ്ടുകള്‍ വ്യാജമായതിനാല്‍ മരവിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നിര്‍ദ്ദേശം നല്‌കുകയും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സൈറ്റുകള്‍ ഇവ ഒട്ടു മുക്കാലും മരവിപ്പിക്കുകയും ചെയ്‌തു. എന്നാല്‍ വിദേശത്ത്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന സൈറ്റുകളില്‍ നിന്ന്‌ വിവരങ്ങള്‍ ലഭിക്കുന്നതില്‍ വലിയ പുരോഗതിയില്ല.

  വ്യജന്മാരെ നിയന്ത്രിക്കുന്നതിന്‌ കേന്ദ്ര ഗവണ്‍മെന്റ്‌ സ്വീകരിച്ച നടപടികള്‍

  വ്യാജ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളും മാട്രിമോണിയല്‍ സൈറ്റുകളും നിയന്ത്രിക്കുന്നതിന്‌ കേന്ദ്ര ഗവണ്‍മെന്റ്‌ വിവിധ മുന്‍കരുതലുകളാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം 2011. സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളുടെയും സൈറ്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങള്‍ യഥാസമയം അധികൃതരെ അറിയിക്കണം എന്ന്‌ ഈ നിയമം അനുശാസിക്കുന്നു. പ്രത്യേകിച്ച്‌, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബാധിക്കുന്നതും നിയമാനുസൃതമല്ലാത്തതുമായവ യാതൊന്നും സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്താന്‍ പാടില്ല. എല്ലാ സൈറ്റുകളും പരാതി പരിഹാര സെല്‍ രൂപീകരിക്കേണ്ടതാകുന്നു.

  സ്‌പര്‍ദ്ധ ജനിപ്പിക്കുന്നതോ തീവ്രവാദം പ്രചരിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ സൈറ്റുകളില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല. ഇതുസംബന്ധിച്ച്‌ ഗവണ്‍മെന്റ്‌ 2012 ഓഗസ്റ്റ്‌ 17 ന്‌ നിര്‍ദ്ദേശം നല്‌കിയിട്ടുള്ളതാകുന്നു. ഉപഭോക്താക്കളെ ബോധവത്‌ക്കരിക്കുന്നതിന്‌ ഗവണ്‍മെന്റ്‌ ഇടയ്‌ക്കിടെ ബോധവത്‌ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഉള്ളടക്കം ഫലപ്രദമായും കാര്യക്ഷമമായും ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്‌ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംങ്‌ സൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവരുമായി ഗവണ്‍മെന്റ്‌

  നിരന്തര ബന്ധത്തിലാണ്‌.

  സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമാക്കുന്നു

  ഏതുതരം കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിനും പ്രതിജ്ഞാബദ്ധരും കരുത്തരും കാര്യപ്രാപ്‌തിയുള്ളവരും നല്ല പരിശീലനം സിദ്ധിച്ചവരുമായ സേന വേണം. സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യവും ഇതില്‍ നിന്നു വ്യത്യസ്‌തമല്ല. സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്നവരെ പരിശീലിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ്‌ വളരെ ശക്തമായ നടപടികളാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. എല്ലാ സംസ്ഥാനങ്ങളും സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്നതിനും, കൈകാര്യം ചെയ്യുന്നതിനുമായി പ്രത്യേക സാങ്കേതിക ശേഷിയും മനുഷ്യവിഭവശേഷിയും സമാഹരിക്കണമെന്ന്‌ കേന്ദ്ര ഗവണ്‍മെന്റ്‌ നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്‌.

  ഇന്ത്യന്‍ പോലീസ്‌ സേനയുടെ നവീകരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സൈബര്‍ ക്രൈം പോലീസ്‌ സ്റ്റേഷനുകളും സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ്‌ ഫൊറിന്‍സിക്‌ ട്രെയിനിങ്‌ സൗകര്യങ്ങളും സ്ഥാപിക്കുന്നതിന്‌ സഹായം നല്‌കുന്നു. ഇത്തരത്തിലുള്ള ഒരു നാഷണല്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സും സ്ഥാപിക്കുന്നതിനും ഗവണ്‍മെന്റ്‌ തീരുമാനിച്ചിട്ടുണ്ട്‌. ഇവിടെ ഇതു സംബന്ധിച്ച ഗവേഷണങ്ങളും ഫൊറിന്‍സിക്‌ പരിശീലനവും നല്‌കും. സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും കോടതികളില്‍ അവ ഹാജരാക്കി പരിശോധിക്കുന്നതിനുമുള്ള ആധുനിക സാങ്കേതിക സംവിധാനം വികസിപ്പിച്ചു വരികയാണ.്‌ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ്‌ ടീമും, സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ്‌ കമ്പ്യൂട്ടിംങ്ങും സൈബര്‍ കേസുകളും അവയുടെ തെളിവുകളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ നിയമ പാലകര്‍ക്കും ഫൊറിന്‍സിക്‌, കോടതി ഉദ്യോഗസ്ഥര്‍ക്കും പ്രാഥമിക പരിശീലനം നല്‌കി വരുന്നു.

  സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍(സിബിഐ) ട്രെയിനിംങ്‌ അക്കാദമിയോടു ചേര്‍ന്ന്‌ സൈബര്‍ ഫൊറിന്‍സിക്‌ ട്രെയിനിംങ്‌ ലാബ്‌ സ്ഥാപിച്ചു കഴിഞ്ഞു. ഇതു കൂടാതെ കേരളം, ആസാം, മിസോറാം, നാഗാലാന്‍ഡ്‌, അരുണാചല്‍ പ്രദേശ്‌, ത്രിപുര, മേഘാലയ, മണിപ്പൂര്‍, ജമ്മു കാഷ്‌മീര്‍ എന്നീ സംസ്ഥാനങ്ങളിലും സൈബര്‍ ഫൊറിന്‍സിക്‌ ട്രെയിനിങ്‌ ആന്‍ഡ്‌ ഇന്‍വെസ്റ്റിഗേഷന്‍ ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഡേറ്റാ സെക്യൂരിറ്റി കൗണ്‍സിലിന്റെ സഹകരണത്തോടെ, മുബൈ, ബംഗളൂരു, പൂന, കൊല്‍ക്കത്ത എന്നിവിടങ്ങളിലും സൈബര്‍ ഫൊറിന്‍സിക്‌ ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ബാംഗളൂരിലെ നാഷണല്‍ ലോ സ്‌കൂള്‍, ഹൈദരാബാദിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങള്‍ കോടതി ഉദ്യോഗസ്ഥര്‍ക്കായി സൈബര്‍ നിയമങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയെ സംബന്ധിച്ച നിരവധി ശില്‌പശാലകളും സെമിനാറുകളും സംഘടിപ്പിച്ചു വരുന്നു.

  പോരാട്ടത്തിന്‌ വേണ്ടത്ര പണം

  സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള പോരാട്ടത്തിന്‌ ആവശ്യമായ പണം ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ഇലക്‌ട്രോണിക്‌സ്‌ ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, വാര്‍ത്താവിനിയമ വിവര സാങ്കേതിക മന്ത്രാലയം എന്നിവയാണ്‌ വകയിരുത്തിയിട്ടുള്ളത്‌. ഇതിനായി 2074.45 ലക്ഷം രൂപയാണ്‌ ഇതിനുള്ള ബജറ്റ്‌ വിഹിതം. പദ്ധതികള്‍

 

  നടപ്പാക്കുന്നതിനും പരിശീലനത്തിനും വികസനത്തിനുമുള്ള ഫണ്ടാണിത്‌. സൈബര്‍ സുരക്ഷ, സംരക്ഷണം, ജാഗ്രത, സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍, സൈബര്‍ ഫൊറിന്‍സിക്‌സ്‌ തുടങ്ങിയ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നതിനായി പന്ത്രണ്ടാം പദ്ധതിയില്‍ (2012-17)500 കോടി രൂപയാണ്‌ കേന്ദ്രം വകയിരുത്തിയിരിക്കുന്നത്‌.

SPEGA NEWS
S