Spega news

2019-03-15 00:00:11

‘ദി ന്യൂസ് ബുള്ളറ്റ്’ ജനങ്ങളിലേയ്ക്ക്

തിരുവനന്തപുരം : പുതുതായി ആരംഭിക്കുന്ന ‘ദി ന്യൂസ് ബുള്ളറ്റ്’ എന്ന മദ്ധ്യാഹ്ന പത്രത്തിന്റെ പ്രകാശനം 2014 മാര്‍ച്ച് 26ന്. മീഡിയ കണക്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരത്ത് നിന്ന് പുതിയതായി ആരംഭിക്കുന്ന പത്രമാണ് ‘ദി ന്യൂസ് ബുള്ളറ്റ്’. മസ്‌കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍ വൈകിട്ട് നാലു മണിക്കാകും പ്രകാശനം ചടങ്ങുകള്‍ നടക്കുക. കേരളാ ഗവര്‍ണര്‍ ശ്രീമതി ഷീലാ ദീക്ഷിത്താണ് ഉദ്ഘാടനകര്‍മം നിര്‍വഹിക്കുന്നത്.

  വളരെ വ്യത്യസ്തമായ ഒരു മദ്ധ്യാഹ്ന പത്രമായിരിക്കും ‘ദി ന്യൂസ് ബുള്ളറ്റ്’. രാഷ്ടീയത്തിലെയും പൊതുജീവിതത്തിലെയും കൊള്ളരുതായ്മകളെ തുറന്നു കാട്ടും. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തും. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ നിരന്തരം ശബ്ദിക്കും. രാജ്യത്ത് വളര്‍ന്നു വരുന്ന പുതിയ പണാധിപത്യത്തെ എതിര്‍ക്കും. രാജ്യത്തെ പൗരന്മാര്‍ക്കുള്ള വിവിധ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ഇടപെടുകയും അത് നേടിക്കൊടുക്കാന്‍ പ്രയത്‌നിക്കുകയും ചെയ്യും.

  നവ മാധ്യമങ്ങളുമായി ഇഴുകിച്ചേര്‍ന്ന് യുവാക്കളുടെ അഭിരുചികളെയും താല്പര്യങ്ങളെയും തൃപ്തിപ്പെടുത്തുന്ന വിഭവങ്ങള്‍ നല്‍കും. വിജ്ഞാനത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്നതായിരിക്കും. സ്‌പോര്‍ട്‌സ്, സിനിമ, ലൈഫ്‌സ്‌റ്റൈല്‍, ഹെല്‍ത്ത്, സയന്‍സ് ആന്റ് ടെക്‌നോളജി, കോര്‍പ്പറേറ്റ് ലോകം തുടങ്ങിയ പതിവ് പംക്തികളും ഉണ്ടായിരിക്കും. മലയാളിയുടെ മദ്ധ്യാഹ്ന വായനയെ സമ്പുഷ്ടമാക്കുന്നതായിരിക്കും പത്രം. സമൂഹത്തിന്റെ എല്ലാ ശ്രേണികളിലും പെട്ട ആളുകളിലേക്ക് എത്തിക്കുന്നതായിരിക്കും. - ന്യൂസ്ബുള്ളറ്റ് സ്ഥാപകര്‍ അറിയിക്കുന്നു.

 

  ഐ.ആന്റ് പി.ആര്‍.ഡി വകുപ്പ് മന്ത്രി ശ്രീ. കെ.സി.ജോസഫ് ന്യൂസ് ബുള്ളറ്റിന്റെ ആദ്യ പ്രതി സ്വീകരിക്കും. പ്രതിപക്ഷ നേതാവ് ശ്രീ. വി.എസ്. അച്യുതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. കെ.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ശ്രീ. പന്ന്യന്‍ രവീന്ദ്രന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീ. വി.മുരളീധരന്‍, ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ഡയറക്ടര്‍ ശ്രീ. സേവിയോ മാത്യു എന്നിവര്‍ ആശംസകളര്‍പ്പിക്കും. ദി ന്യൂസ് ബുള്ളറ്റ് ചീഫ് എഡിറ്റര്‍ ശ്രീ. പി.വി.മുരുകന്‍ സ്വാഗതവും മീഡിയ കണക്ട് ഡയറക്ടര്‍ ശ്രീ. ജയറാം പി.എസ് കൃതജഞതയര്‍പ്പിക്കും.

SPEGA NEWS
S